ക്രിസ്തുശിഷ്യനായ വിശുദ്ധ തോമാശ്ലീഹായാല്‍ എ.ഡി. 52 ല്‍ സ്ഥാപിതമായ സെന്റ്‌ തോമസ്‌ കോട്ടക്കാവ്‌ ഫൊറോന പള്ളി, ഭാരതത്തിലെതന്നെ ആദ്യത്തെ ക്രൈസ്തവദേവാലയമാണ്‌. 1308-ല്‍ പുനര്‍നിര്‍മ്മിതമായ ഈ ദേവാലയം 700 വര്‍ഷം പിന്നിടുകയാണ്‌. അത്ഭുതദായകനായ തോമാശ്ലീഹായുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുവാനും രോഗമുക്തിപാപിക്കുവാനുമായി
സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി നാനാജാതിമതസ്ഥരായ വളരേയധികം പേര്‍ ഇവിടെ എത്തിച്ചേരുന്നു.






കോട്ടക്കാവ്‌ - പേരിന്റെ ഉത്ഭവം

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും പ്രസിദ്ധമായ മലബാര്‍ പ്രദേശത്തേക്കാണ്‌ ക്രിസ്തുവിന്റെ അപ്പസ്തോലന്‍മാരില്‍ ഒരാളായ തോമാശ്ലീഹ സുവിശേഷദീപവുമായ്‌ കടന്നുവന്നത്‌. ക്രിസ്തുവര്‍ഷം 52- നവംബര്‍ മാസത്തില്‍ മുസരിസ്‌ തുറമുഖത്ത്‌ കപ്പലിറങ്ങിയ വി. തോമാശ്ലീഹ അവിടെ കേന്ദ്രമാക്കി സുവിശേഷവേല ആരംഭിച്ചു. സുവിശേഷ പ്രസംഗത്തോടൊപ്പം പല അത്ഭുതങ്ങളും അദ്ദേഹം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശുദ്ധന്‍ നടത്തിയ സുവിശേഷ പ്രസംഗത്തിന്റെ ഫലമായി ഏഴ്‌ ക്രൈസ്തവ സമൂഹങ്ങള്‍ രൂപം കൊണ്ടു. "സപ്തദേവാലയങ്ങള്‍" എന്നാണ്‌ അവ അറിയപ്പെടുന്നത്‌. അവയിലാദ്യമായി സ്ഥാപിക്കപ്പെട്ടതാണ്‌ പറവൂര്‍ കോട്ടയ്ക്കാവ്‌ പള്ളി.

കോട്ടക്കാവ്‌ എന്ന പേരിനു പിന്നിലും ഒരു ചരിത്രമുണ്ട്‌. ക്രിസ്ത്വബ്ദത്തിന്റെ ആരംഭകാലത്ത്‌ പറവൂരിന്റെ പടിഞ്ഞാറെ അതിര്‍ത്തി കായലായിരുന്നു. കൊടുങ്ങല്ലൂര്‍, മാല്യങ്കര, പറവൂര്‍ എന്നിവ ഒരേ കായല്‍ തീരത്ത്‌ സ്ഥിതി ചെയ്തിരുന്നു. കായല്‍ തീരത്തായിരുന്നതുകൊണ്ട്‌ കോട്ടക്കായല്‍ എന്ന പേരിലും ഇത്‌ അറിയപ്പെട്ടിരുന്നു. അക്കാലത്ത്‌ ഇവിടെ താമസിച്ചിരുന്നതില്‍ അധികം ബ്രാഹ്മണരായിരുന്നു. കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ആദ്യ ബ്രാഹ്മണരായ നമ്പൂതിരിമാരുടെ ആസ്ഥാനങ്ങളില്‍ ഒന്നായിരുന്നു പട്ടമന പറവൂര്‍, പിണ്ടിനിവട്ടത്ത്‌ സ്വരൂപം എന്ന്‌ വിളിക്കപ്പെടുന്ന ഒരു നമ്പൂതിരി കുടുംബമായിരുന്നു ഇവിടുത്തെ നാടുവാഴികള്‍.

കോട്ടക്കാവ്‌ പള്ളിയുടെ സ്ഥാപനം



വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച്‌ സുവിശേഷ പ്രഘോഷണം നടത്തിയിരുന്ന തോമാശ്ലീഹ കോട്ടക്കാവിലുമെത്തി. ശ്ലീഹ കോട്ടക്കാവിലെത്തുമ്പോള്‍ ഇവിടത്തെ ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടന്നു കൊണ്ടിരിക്കുകയായിരുന്നു. വേഷവിധാനത്തിലും, സംസാരശൈലിയിലും വ്യത്യസ്തനായിരുന്ന ശ്ലീഹായെ ഉത്സവത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ജനങ്ങള്‍ അപരിചിതത്തോടെ വീക്ഷിച്ചു. ഉത്സവത്തിനെത്തിയ ജനങ്ങളോട്‌ തോമാശ്ലീഹാ യേശുവിനെക്കുറിച്ച്‌ സംസാരിച്ചു. ഇതുകേട്ട അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും അദ്ദേഹത്തിന്‌ ഭ്രാന്താണെന്ന്‌ പറഞ്ഞ്‌ അവിടെ നിന്ന്‌ ഓടിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.

നിസ്സഹായനായ തോമാശ്ലീഹ കൈകളുയര്‍ത്തി ദൈവത്തോട്‌ സഹായമഭ്യര്‍ത്ഥിച്ചു. പെട്ടെന്ന്‌ അവിടെ കൊടുങ്കാറ്റ്‌ വീശി. എഴുന്നുള്ളിച്ചു നിര്‍ത്തിയിരുന്ന ഗജവീരന്‍മാരും പ്രേക്ഷകസമൂഹവും നിലം പതിച്ചു. ചിലര്‍ക്ക്‌ ബോധക്ഷയം സംഭവിച്ചു. ഇതു കണ്ട ജനക്കൂട്ടം പരിഭ്രാന്തരാകുകയും തങ്ങള്‍ പരിഹസിച്ച ക്രിസ്തുശിഷ്യന്‍ ദിവ്യനാണെന്ന്‌ തിരിച്ചറിയുകയും ചെയ്തു. ശ്ലീഹായോട്‌ ഈ അവസ്ഥയില്‍ നിന്ന്‌ തങ്ങളെ മോചിപ്പിക്കണമെന്ന്‌ അവര്‍ കേണപേക്ഷിച്ചു. തോമാശ്ലീഹ അവരോട്‌ ജലം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. കൊണ്ടുവന്ന ജലം പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ആശീര്‍വ്വദിച്ചതിനുശേഷം മോഹാലസ്യപ്പെട്ടവരുടെമേല്‍ തളിച്ചപ്പോള്‍ അവര്‍ ഉണര്‍ന്നു. വിശുദ്ധന്‍ മൂന്നാം തവണയും ജലം തളിച്ചപ്പോള്‍ ചില ജലബിന്ദുക്കള്‍ അന്തരീക്ഷത്തില്‍ നിലനിന്നെന്നും അവയില്‍ ചിലത്‌ രക്തതുള്ളികളും അഗ്നി നാളങ്ങളുമായി മാറിയെന്നും മറ്റൊരൈതീഹ്യമുണ്ട്‌.

ഈ അത്ഭുതം കണ്ട ജനക്കൂട്ടം ശ്ലീഹയുടെ ചുറ്റും കൂടി. അവരോട്‌ അവന്‍ വചനം പ്രഘോഷിച്ചു. വചനം ശ്രവിച്ചവര്‍ വിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറായി. വിശ്വാസ നവീകരണത്തിന്റെ പ്രതീകമായ കുരിശ്‌ എവിടെ സ്ഥാപിക്കുമെന്ന്‌ അധികാരികള്‍ ആലോചിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന്‌ എഴുന്നള്ളിച്ചു നിര്‍ത്തിയ ആന, തടി കൊണ്ടു പോയിടുന്നിടത്ത്‌ കുരിശു സ്ഥാപിക്കാമെന്ന തീരുമാനമായി. അങ്ങിനെ തടി കൊണ്ടുപോയി ഇട്ട സ്ഥലത്ത്‌ കുരിശ്‌ സ്ഥാപിക്കുകയും ചെയ്തു.

തോമാശ്ലീഹായും റമ്പാന്‍പാട്ടും

തോമാശ്ലീഹ ഇവിടെ എത്രകാലം താമസിച്ചുവെന്നതിന്‌ വ്യക്തമായ ധാരണകളില്ലെങ്കിലും ഇവിടെ വച്ച്‌ 1770 പേര്‍ക്ക്‌ മാമ്മോദീസ നല്‍കിയതായി റമ്പാന്‍പാട്ട്‌ വ്യക്തമാക്കുന്നു. 'കോട്ടക്കായല്‍ ചെന്നെത്തി അവിടെയുമതുപോല്‍ ഒരു വര്‍ഷത്തിട മാര്‍ഗ്ഗത്തെയറിയിച്ചപ്പോള്‍ ഒരായിരമൊട്ടെഴുന്നൂറ്റെഴുപത്‌ പേരെ മാമ്മോദീസ മുക്കി'മറ്റിടങ്ങളിലെ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ശ്ലീഹ മാല്യങ്കര വഴി വീണ്ടും കോട്ടക്കാവിലെത്തുകയും ചിലര്‍ക്ക്‌ പട്ടം നല്‍കുകയും ചെയ്തതായി പുരാതനപാട്ടുകളില്‍ കാണുന്നു. ശ്ലീഹ പട്ടം കൊടുത്തവരുടെ അനന്തരഗാമികളാണ്‌ നസ്രാണികളെ ഭരിച്ചുപോന്നത്‌.

മാര്‍ സാബോറും മാര്‍ പ്രോത്തും

എ। ഡി। 72 ല്‍ മരണമടയുന്നതിന്‌ മുമ്പ്‌, തോമാശ്ലീഹ തന്റെ പിന്‍ഗാമിയായി കേപ്പായെ മെത്രാനായി വാഴിച്ചിരുന്നു എന്നതിന്‌ ചരിത്രരേഖകളുണ്ട്‌. കേപ്പായെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ പിന്‍ഗാമികളായ തദ്ദേശ മെത്രാന്‍മാര്‍ ക്രിസ്ത്യാനികളെ നയിക്കുകയും ഭരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്‌ മതപീഡനങ്ങളുടെയും മറ്റും ഫലമായി അവരുടെ വംശാവലി തുടരാന്‍ ഇടവന്നില്ല. തുടര്‍ന്ന്‌ 16-ാ‍ം ശതകത്തിന്റെ ആദ്യ പകുതി വരെ നസ്രാണികള്‍ പേര്‍ഷ്യന്‍ സഭയുടെ മേല്‍നോട്ടത്തിലായിരുന്നു. ഈ കാലഘട്ടത്തിലാണ (880-ാ‍ംമാണ്ടില്‍) മാര്‍ സാബോര്‍, മാര്‍ പ്രോത്ത്‌ എന്നീ സഹോദരന്‍മാരായ രണ്ടു മെത്രാന്‍മാര്‍ കേരളത്തില്‍ വന്നു. സാബോര്‍ കൊടുങ്ങല്ലൂരും അവിടെ കലാപം തുടങ്ങിയശേഷം ഉദയംപേരൂരും, പ്രോത്ത്‌ ഉപമെത്രാനായി കൊല്ലത്തുമാണിരുന്നത്‌. കല്ലും മരവും ഉപയോഗിച്ചുള്ള ആലയനിര്‍മ്മാണം കേരളത്തില്‍ ആരംഭിച്ച കാലത്ത്‌ ഈ മെത്രാന്മാര്‍ വളരെയേറെ പള്ളികള്‍ പണിയിക്കുകയുണ്ടായി। പറവൂര്‍ കോട്ടക്കാവ്‌ ഈക്കൂട്ടത്തില്‍പ്പെട്ടതാകാന്‍ ഇടയുണ്ട്‌. ഇവിടുത്തെ പള്ളിയുടെ മുന്‍വശത്തുള്ള കപ്പേളയില്‍ സൂക്ഷിച്ചിട്ടുള്ള കരിങ്കല്ലില്‍ കൊത്തിയിട്ടുള്ള പേര്‍ഷ്യന്‍ കുരിശും അന്ന്‌ സ്ഥാപിച്ചതാകാന്‍ ഇടയുണ്ട്‌. അവരുടെ മരണശേഷം അവരെ വിശുദ്ധരായി പരിഗണിച്ച്‌ അവരുടെ പേരുകള്‍ ആ പള്ളിക്ക്‌ നല്‍കുകയും ചെയ്തു। പിന്നീട്‌ ഉദയം പേരൂര്‍ സൂനഹദോസിന്റെ തീരുമാനപ്രകാരം കോട്ടക്കാവുപള്ളി വി. ഗര്‍വ്വാസീസ്‌, പ്രോത്താസീസ്‌ എന്നിവരുടെ പേരിലാക്കുകയുണ്ടായി.

ടിപ്പുവിന്റെ പടയോട്ടം


എ. ഡി. 52ല്‍ ശ്ലീഹ സ്ഥാപിച്ച മരകുരിശു 18-ാ‍ം നൂറ്റാണ്ടുവരെ കോട്ടക്കാവ്‌ പള്ളിയില്‍ സൂക്ഷിക്കപ്പെട്ടിരുന്നു. 1789ല്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ കൊടുങ്ങല്ലൂര്‍, ആലങ്ങാട്‌, പറവൂര്‍, ചേണ്ടമംഗലം, വരാപ്പുഴ പ്രദേശങ്ങള്‍ ആക്രമിച്ചപ്പോള്‍ പറവൂര്‍ പള്ളിയും ആക്രമണത്തിനു വിധേയമായി. അതോടൊപ്പം ആ കുരിശും നശിച്ചുപോയി. ഈ പള്ളി 1308-ല്‍ പണിയിച്ചിരുന്ന മൂന്നാമത്തെ പള്ളിയായിരുന്നു. ആക്രമണത്തിനുശേഷം കേടുപാടുകള്‍ തീര്‍ത്ത പള്ളിയുടെ മദ്ബഹ മുതലായ ഭാഗങ്ങള്‍ ഇന്നും സ്ഥിതി ചെയ്യുന്നു.

പ്രിവിലേജ്ഡ്‌ ഓള്‍ട്ടര്‍' എന്ന അപൂര്‍വ്വ പദവി

1542-ല്‍ പോര്‍ച്ചുഗീസ്‌ മിഷനറിമാര്‍ ഭാരതത്തിലെത്തി. കൊടുങ്ങല്ലൂരിലെത്തിയ അവര്‍ വൈദീകപരിശീലനം നല്‍കുന്നതിനായി അവിടെ ഒരു സെമിനാരി സ്ഥാപിച്ചു. ഈ സെമിനാരിയില്‍ പരിശീലനം നേടിയ കോട്ടക്കാവ്‌ ഇടവകക്കാരായ രണ്ടുപേര്‍ പതിമൂന്നാം ഗ്രിഗോറിയോസ്‌ മാര്‍പാപ്പയുടെ വാഴ്ചക്കാലത്ത്‌ (1572-85) റോമില്‍ പോവുകയും അവര്‍ വഴി ഈ പള്ളിയിലെ ബലിപീഠത്തിന്‌ 'പ്രിവിലേജ്ഡ്‌ ഓള്‍ട്ടര്‍' എന്ന പൂര്‍ണ്ണ ദണ്ഡ വിമോചനം കല്‍പ്പിച്ചു നല്‍കുകയും ചെയ്തതായി വത്തിക്കാനില്‍ രേഖകളുണ്ട്‌. ലോകത്തിലെ തന്നെ അപൂര്‍വ്വം ചില ദേവാലയങ്ങളിലെ ബലിപീഠങ്ങള്‍ക്ക്‌ മാര്‍പ്പാപ്പയില്‍നിന്നും കല്‍പ്പിച്ചു കിട്ടിയിട്ടുള്ള പദവിയാണ്‌ പ്രിവിലേജ്ഡ്‌ ഓള്‍ട്ടര്‍. ഇപ്പോള്‍ നിലവിലുള്ള പഴയപള്ളിയുടെ അള്‍ത്താരയ്ക്കാണ്‌ ആ പദവി ലഭിച്ചിരിക്കുന്നത്‌. ഇവിടെ വന്ന്‌ സര്‍വ്വവും സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ച്‌ വിശുദ്ധബലിയില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ അനുഗ്രഹഫലങ്ങള്‍ ലഭിക്കുമെന്ന്‌ അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബിഷപ്പ്‌ ഫ്രാന്‍സിസ്‌ റോസ്‌ എസ്‌. ജെ.

1557ല്‍ പോര്‍ച്ചുഗലിലെ കാറ്റലോനിയയില്‍ ജനിച്ചു. പ്രായപൂര്‍ത്തിയായപ്പോള്‍ ഈശോ സഭയില്‍ അംഗമായി മിഷനറി പ്രവ്രര്‍ത്തനത്തിനായി പോര്‍ച്ചുഗീസുകാരുടെ കൂടെ ഇന്ത്യയിലെത്തി. ചേണ്ടമംഗലത്തെ വൈപ്പിന്‍ കോട്ട സെമിനാരിയില്‍ റെക്ടറായി സേവനമനുഷ്ഠിച്ചു. സുറിയാനി ഭാഷ പണ്ഡിതനായ ഇദ്ദേഹത്തിന്‌ സുറിയാനി ക്രൈസ്തവരുടെയിടയില്‍ ജനസമ്മിതി ഉണ്ടായിരുന്നു. 1599ല്‍ ഉദയം പേരൂരില്‍ നടന്ന സുനഹദോസില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മെനേസിസിന്റെ വലം കയ്യായി പ്രവര്‍ത്തിച്ചത്‌ ഫാ. റോസായിരുന്നു. 1599 നവംബര്‍ 5-ാ‍ം തീയതി ഫാ. റോസിനെ അങ്കമാലി രൂപതയുടെ മെത്രാനായി 4-ാ‍ം ക്ലമെന്റ്‌ മാര്‍പ്പാപ്പാ നിയമിച്ചു. 1601 ജനുവരി 25-ാ‍ം തീയതി അങ്കമാലിയില്‍ വച്ച്‌ ഇദ്ദേഹത്തെ മെനേസിസ്‌ മെത്രാപ്പോലീത്ത അഭിക്ഷേകം ചെയ്തു. സുറിയാനിക്കാരുടെ ആദ്യത്തെ ലത്തീന്‍ മെത്രാനായിരുന്നു ഇദ്ദേഹം. 1603ല്‍ ഇദ്ദേഹം അങ്കമാലി സൂനഹദോസ്‌ വിളിച്ചുകൂട്ടി. 1606ല്‍ "മലങ്കര മാര്‍ത്തോമാശ്ലീഹായുടെ ഇടവകയുടെ കല്‍പനകള്‍" എന്ന രൂപതാ നിയമ സംഹിത പ്രസിദ്ധീകരിച്ചു. 1609 ജനുവരി 26-ാ‍ം തീയതി മെത്രാപ്പോലീത്തയുടെ ചിഹ്നമായ പാലിയം നല്‍കപ്പെട്ടു.

കൊടുങ്ങല്ലൂരില്‍ പോര്‍ച്ചുഗീസ്‌ കോട്ടയും സൈന്യവും ഉണ്ടായിരുന്നതിനാല്‍ തന്റെ ആസ്ഥാനം 1609 ഡിസംബര്‍ 3-ാ‍ം തീയതി അങ്കമാലിയില്‍ നിന്നും കൊടുങ്ങല്ലൂര്‍ക്ക്‌ മാറ്റി. തീരദേശ പട്ടണമായ കൊടുങ്ങല്ലൂരില്‍ ശത്രുക്കളുടെ ആക്രമങ്ങളും പ്രശ്നങ്ങളും വര്‍ദ്ധിച്ചപ്പോള്‍, അവിടത്തെ താമസം സുരക്ഷിതമല്ലാത്തതിനാല്‍, ആസ്ഥാനം കോട്ടക്കാവിലേക്ക്‌ മാറ്റി. അദ്ദേഹമാണ്‌ ദേവാലയത്തിന്റെ സംരക്ഷണത്തിനായി പള്ളിയുടെ ചുറ്റും വലിയ മതില്‍കെട്ടിയത്‌. ആനമതിലെന്നറിയപ്പെടുന്ന ഈ മതില്‍ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെടുന്നു. പള്ളിയില്‍ പുതുതായി കൊണ്ടുവന്ന മണികള്‍ക്കായി ഉയരത്തില്‍ മണിമാളിക പണിയുകയും അതിനുള്ളില്‍ വലിയ മണിയും സ്ഥാപിക്കുകയും ചെയ്തു.

1624 ഫെബ്രുവരി 14-ാ‍ം തീയതി ഞായറാഴ്ച ഫ്രാന്‍സിസ്‌ റോസ്‌ മെത്രാന്‍ കാലം ചെയ്തു. പഴയ പള്ളിയുടെ അള്‍ത്താരയില്‍ പിതാവിനെ സംസ്ക്കരിച്ചു. ഇതിനെക്കുറിച്ച്‌ വട്ടെഴുത്ത്‌ ലിപിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ശിലാ ലിഖിതമാണ്‌ ഇന്നും പഴയ പളളിയുടെ ചുമരില്‍ കാണുന്നത്‌.

വട്ടെഴുത്ത്‌ ശിലാലിഖിതം: "മാറന്‍ ഈശോമിശിഹാ പിറന്നിട്ട്‌ 1624 മകരഞ്ഞായര്‍ നോമ്പുതുടങ്ങുന്ന ഞായറാഴ്ച അസ്തമിച്ച്‌ 8 നാഴിക രാവുചെന്നപ്പോള്‍ ശുദ്ധമാന കത്തോലിക്ക അക്കലേച്ചയുടെ കൂട്ടത്തില്‍ പെട്ട മലങ്കര നസ്രാണികളുടെ മേല്‍പ്പട്ടക്കാരന്‍ ഫ്രാന്‍ചീസ്‌ റോസു മെത്രാന്‍ കാലം ചെയ്തു"

പുതിയപള്ളിയുടെ നിര്‍മ്മാണം

ഒരു കാലത്ത്‌ കൈതാരം, ഏഴിക്കര, കച്ചേരിപ്പടി, പല്ലംതുരുത്ത്‌, നീണ്ടൂര്‍, പട്ടണം, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങള്‍ കോട്ടയ്ക്കാവ്‌ ഇടവകയില്‍ ഉള്‍പ്പെട്ടതായിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്നും വരുന്ന ജനത്തിന്‌ ദേവാലയത്തിലെ സ്ഥലപരിമിതി മൂലം സൗകര്യപൂര്‍വ്വം ആരാധനാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ആയതിനാല്‍ ഇടവകയുടെ സ്ഥിതിക്കനുസൃതമായി ഒരു ദേവാലയം പണിയുവാന്‍ തീരുമാനിച്ചു.

1911 ജൂണ്‍ 21 ന്‌ നി. വ. ദി ശ്രീ പഴയപറമ്പില്‍ ലൂയീസ്‌ മെത്രാന്‍ ഇപ്പോഴത്തെ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. അന്ന്‌ ഇവിടെ വികാരിയായിരുന്നത്‌ പെ. ബ. ഇളങ്കുന്നപ്പുഴ പൗലോസച്ചനായിരുന്നു. പിന്നീട്‌ വികാരിയായി വന്ന പാറയ്ക്കല്‍ സക്കറിയാസ്‌ അച്ചന്‍ പള്ളി പണി തുടര്‍ന്നുകൊണ്ടുപോകുന്നതനായി കഠിനപ്രയത്നം ചെയ്തു. 1938-ല്‍ ബ. ഇളങ്കുന്നപ്പുഴ പൗലോസ്‌ അച്ചന്‍ വീണ്ടും വികാരിയായിരിക്കെ മ. വ. ദി. ശ്രീ. കണ്ടത്തില്‍ ആഗസ്തിനോസ്‌ മെത്രാപ്പോലീത്ത തിരുമേനി വെഞ്ചരിച്ച്‌ ദിവ്യബലിയര്‍പ്പിച്ചു. വിശാലമായ പള്ളിയുടെ മുന്‍ഭാഗത്ത്‌ പൂര്‍ത്തിയാകാതെ കിടന്ന രണ്ടു മണിമാളികകളുടെ പണി പൂര്‍ത്തിയാക്കിയത്‌ 1955-ല്‍ ഫാദര്‍ ജോസഫ്‌ വളമംഗലം വികാരിയായിരിക്കുമ്പോഴാണ്‌. വിദേശത്ത്‌ നിന്ന്‌ കൊണ്ടുവന്നിട്ടുള്ള മൂന്ന്‌ മണികളാണ്‌ ഈ മാളികയില്‍ തൂക്കിയിട്ടുള്ളത്‌.

പുതിയ പള്ളിയുടെ പുറകില്‍ സ്ഥിതി ചെയ്യുന്ന പഴയപള്ളിയും അതിനു തൊട്ടു പടിഞ്ഞാറ്‌ വശത്തുള്ള ചരിത്രപസിദ്ധമായ ആനമതിലും, തോമാശ്ലീഹ മാമ്മോദീസ മുക്കിയ തീര്‍ത്ഥക്കുളവും ഇടവക ജനങ്ങള്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു.

ഗുണ്ടഫറസ്‌ രാജാവും കൊട്ടാരംപണിയും

ഗുണ്ടഫറസ്‌ രാജാവിന്‌ കൊട്ടാരം പണിയുവാന്‍ ഒരാളെ അന്യേഷിച്ചിറങ്ങിയ രാജാവിന്റെ പ്രതിനിധി ഹാബാന്റെ കൂടെയാണ്‌ മാര്‍ തോമാ ജറുസലെമില്‍ നിന്നും ഇന്ത്യയിലെത്തിയത്‌.

രാജ സന്നിധിയില്‍ എത്തിച്ചേര്‍ന്ന മാര്‍ തോമാ നിശ്ചിത ദിവസം പണി പൂര്‍ത്തീകരിക്കാമെന്ന കരാറില്‍ രാജാവില്‍ നിന്നും സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍ കൈപ്പറ്റി. ഇവ കൊണ്ട്‌ അദ്ദേഹം പാവപ്പെട്ടവരെ സഹായിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. നിശ്ചിതസമയമായപ്പോള്‍ കൊട്ടാരം പണിയെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ താന്‍ സ്വര്‍ഗ്ഗത്തിലാണ്‌ രാജാവിനു വേണ്ടി കൊട്ടാരം പണിയുന്നതെന്ന്‌ മാര്‍ തോമാ അറിയിച്ചു. ഇതില്‍ കുപിതനായ രാജാവ്‌ അദ്ദേഹത്തെ കരാഗൃഹത്തിലടച്ചു.

ഈ സന്ദര്‍ഭത്തില്‍ രാജാവിന്റെ സഹോദരനായ ഗാദ്‌ മരിക്കുന്നു. തോമായ്ക്ക്‌ അത്ഭുതസിദ്ധിയുണ്ടെന്നറിഞ്ഞ രാജാവ്‌ അദ്ദേഹത്തെ വിളിപ്പിച്ചു. ശ്ലീഹാ ഗാദിനെ ഉയര്‍പ്പിച്ചു. ജീവന്‍ കൈ വന്ന ഗാദ്‌ താന്‍ സ്വര്‍ഗ്ഗത്തില്‍ എത്തപ്പെട്ടുവെന്നും അവിടെ മാര്‍ തോമാ നിര്‍മ്മിച്ച മനോഹരമായ കൊട്ടാരം കണ്ടുവെന്നും അറിയിച്ചു. ഇതു കേട്ടപ്പോള്‍ രാജാവ്‌ സംപ്രീതനാകുകയും പരസ്നേഹ സുവിശേഷ പ്രവര്‍ത്തനങ്ങളിലൂടെ സ്വര്‍ഗ്ഗത്തില്‍ കൊട്ടാരം പണിത തോമായുടെ നിര്‍ദ്ദേശപ്രകാരം രാജാവും അനുയായികളും സ്നാനം സ്വീകരിക്കുകയും ചെയ്തു.

ഒന്നാം നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട 'തോമായുടെ നടപടികള്‍' എന്ന ഗ്രന്ഥത്തിലാണ്‌ ഇതെഴുതപ്പെട്ടിരിക്കുന്നത്‌.വടക്കേ ഇന്ത്യയില്‍ നിന്നും ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ഗുണ്ടഫറസ്‌ രാജാവിന്റെ മുദ്രയുള്ള നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ചില പുരാതന ഗ്രന്ഥങ്ങളില്‍ (റമ്പാന്‍ പാട്ട്‌) ഈ രാജാവ്‌ കൊടുങ്ങല്ലൂരില്‍ തിരുവഞ്ചിക്കുളം ആസ്ഥാനമായി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.

മട്ടം എഴുന്നള്ളിപ്പ്‌: ചില ഐതിഹ്യങ്ങള്‍

കെട്ടിടം പണിയുമ്പോള്‍ നിര്‍മ്മാണത്തിന്റെ ലംബമാനതിരശ്ചീന അളവുകള്‍ നിശ്ചയിക്കുവാന്‍ ഉപയോഗിക്കുന്ന 'മട്ടം' കൊട്ടാരം പണിയാന്‍ വന്ന തോമായുടെ ശില്‍പങ്ങളില്‍ ചിത്രീകരിക്കുന്നുണ്ട്‌. ലംബമാനമായും സമാന്തരമാനമായും 90 ഡിഗ്രിയില്‍ ചേര്‍ന്നിരിക്കുന്ന രണ്ടു പട്ടിക കഷ്ണങ്ങള്‍ കൊണ്ടാണ്‌ മട്ടം തീര്‍ത്തിരിക്കുന്നത്‌. ദൈവവും മനുഷ്യനുമായുള്ള നമ്മുടെ ബന്ധം ശരിയായ ദിശയിലുള്ളതായിരിക്കണമെന്ന്‌ മട്ടം സൂചിപ്പിക്കുന്നു.

തോമാശ്ലീഹാ ഉപയോഗിച്ചിരുന്ന മട്ടം, തോമാശ്ലീഹായെ കൊല്ലുവാന്‍ ഉപയോഗിച്ച കുന്തം, തിരുനാഥന്റെ തിരുവിലാവില്‍ തൊട്ട വിരല്‍ എന്നിവയാണ്‌ മട്ടം എഴുന്നള്ളിപ്പിനായി ഇവിടെ ഉപയോഗിക്കുന്നത്‌.

ഭവന നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങുവാനും, പണികള്‍ യഥാസമയം സുരക്ഷിതമായി പൂര്‍ത്തികരിക്കുവാനും, കുടുംബ പ്രശ്നങ്ങള്‍ പരിഹൃദമാകാനും മട്ടം എഴുന്നള്ളിച്ച്‌ പ്രാര്‍ത്ഥിക്കുക എന്നത്‌ കോട്ടക്കാവിലെ ഒരു നേര്‍ച്ചയാണ്‌.

പ്രധാന ദിവസങ്ങള്‍

‍ഫെബ്രുവരി രണ്ടാം ഞായര്‍ : ഇടവകതിരുനാള്‍ (പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനതിരുനാളും വി.സെബസ്ത്യാനോസിന്റെ തിരുനാളും വി. ഗര്‍വ്വാസിസ്‌, വി. പ്രോത്താസിസ്‌ എന്നിവരുടെ തിരുനാളും സംയുക്തമായി)

ദുഃഖവെള്ളി : രാവിലെ 9 മുതല്‍ പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍, വി.കുരിശിന്റെ തിരുശേഷിപ്പ്‌ ചുംബനം, നേര്‍ച്ചസദ്യ. വൈകീട്ട്‌ പരിഹാരപ്രദക്ഷിണം

പുതുഞ്ഞായര്‍: വി।തോശ്ലീഹായുടെ തിരുനാള്‍

ജുലൈ 3 : ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീസഹായുടെ ദുക്‌റാന തിരുനാള്‍. തീര്‍ത്ഥക്കുളത്തില്‍ മാമ്മോദീസ, ഓഹരിനേര്‍ച്ച

വിലാസം

മാര്‍ത്തോമാ തീര്‍ത്ഥകേന്ദ്രം
സെന്റ്‌ തോമസ്‌ കോട്ടക്കാവ്‌ ഫൊറോന പള്ളി
വടക്കന്‍ പറവൂര്‍, കേരള, പിന്‍- 683 513
ഫോണ്‍: 0484 - 2442347